പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

Tuesday 17 December 2013

ആകാശം നഷ്ടപ്പെട്ട പറവകള്‍ ...

വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്..  മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം.  പകുതി ദൂരം  ഞങ്ങള്‍ ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍ ചിലപ്പോള്‍ അവളും എന്നില്‍ നിന്ന്  അകലാറുണ്ട്. നേതൃത്വത്തിന്റെ തീരുമാനം  അനുസരിക്കുക എന്നത്  ഏതു കൂട്ടത്തിലും നിര്‍ബന്ധമാല്ലോ .

ഇത്തവണ യാത്ര ആരംഭിക്കുമ്പോഴേ ഞാന്‍ തീരുമാനിച്ചിരുന്നു. ഇനിയില്ല ഈ ആവര്‍ത്തനങ്ങള്‍ .  വിദൂരക്കാഴ്ചയായി മാറിയ ഏറെയുണ്ട് ഈ ഭൂമിയില്‍ കാണാന്‍ . കാതങ്ങള്‍ പറന്നാലും തളരാത്ത ചിറകുകളുള്ളപ്പോള്‍ എന്ത് കൊണ്ട് ദിശ മാറി പറന്നു കൂടാ? ലോകം വിശാലമാണ്. നമ്മുടെ കാഴ്ചകളും വിശാലമാക്കണ്ടേ?
എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്നത്തേയും പോലെ അവള്‍ മൗനം. എന്റെ  കാഴ്ചപ്പാടുകള്‍ക്ക്  മുന്നില്‍ ആരാധന നിറഞ്ഞ ആ മിഴികള്‍ വിടരുന്നതായി കണ്ടു ഞാന്‍ അഹങ്കരിച്ചു. 


അവളല്ലെങ്കിലും അത്രയെ ഉള്ളൂ.. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ ശ്രമിക്കാത്ത വെറും പെണ്ണ്. മഞ്ഞിനെയും മഴയും നിലാവിനെയും സ്നേഹിച്ചു പാട്ട് പാടുന്നവള്‍ . അവളുടെ ഗാനങ്ങള്‍ മധുരതരമാണ്. എങ്കിലും അതിന്റെ
ആവര്‍ത്തിക്കുന്ന ഈണങ്ങളെ ഞാന്‍ പരിഹസിക്കാറുണ്ട്. അപ്പോഴും അവളാ പാട്ടുകള്‍ എനിക്കായി പാടിക്കൊണ്ടേയിരിക്കും. ഇടക്കൊക്കെ മിന്നി മറയുന്ന പരിഭവത്തോടെ....

ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും വഴി മാറി പറന്ന ആദ്യ സാഹസികനല്ല ഞാന്‍ . എന്റെ മുത്തച്ഛനും ഒരിക്കല്‍ പോയതാണ്. പിന്നെ കൂട്ടത്തില്‍ നിന്നും ആജീവനാന്തം വിലക്കിയെങ്കിലും രഹസ്യമായി എന്നെ കാണാന്‍ വരുമ്പോഴെല്ലാം പറഞ്ഞു തരുന്ന കഥകളില്‍ നിന്നുമാണ് ലോകത്തിന്റെ മറ്റൊരു പകുതിയെ ഞാന്‍ അറിഞ്ഞത്.

വഴി മാറി പറക്കലിലെ അപകടത്തെക്കുറിച്ചും മുത്തച്ഛന്‍ തന്നെയാണ് മുന്നറിയിപ്പ് തന്നിരുന്നത്. മഞ്ഞിനും സമുദ്രത്തിനും മുകളിലൂടെയുള്ള പറക്കലുകളില്‍ വല്ലപ്പോഴും അപൂര്‍വ്വമായി കാണാറുള്ള മനുഷ്യര്‍ പക്ഷെ ഭൂമിയുടെ മറുപാതിയില്‍ ഒരുപാടുണ്ടത്രേ. ഞങ്ങളുടെ തീരങ്ങളില്‍ മഞ്ഞുരുകി തീരുന്നതിനും കാരണം അവരാണത്രേ . മുകളില്‍ നിന്നുള്ള കാഴ്ചയില്‍ വെറുമൊരു കറുത്ത പൊട്ടായി കാണുന്ന ഈ ജീവികള്‍ ഇത്രയും അപകടകാരികളോ? വിശ്വസിക്കാനായില്ല

അത് കൊണ്ട് തന്നെയാണ് ആ  മുന്നറിയിപ്പ് അവഗണിച്ചും ഏക്കറുകള്‍ പരന്നു കിടക്കുന്ന മാന്ഗ്രൂ കാടുകളുടെ  മുകളിലൂടെ പറന്നത്. എങ്ങും പച്ചപ്പുകള്‍ നഷ്ടമായ ആ കാടിന് മുകളിലൂടെ പറക്കുമ്പോഴാണ് ചിറകുകള്‍ തളരുന്നതായി അവളാദ്യം പരാതിപ്പെട്ടത്. ഒട്ടൊരു അവിശ്വസനീയതയോടെയാണ് ഞാനത് കേട്ടത്. വിശാലമായ സമുദ്രങ്ങള്‍ക്ക് മുകളിലൂടെ ആഴ്ചകള്‍ തുടര്‍ച്ചയായി പറന്നാലും തളരാത്ത ചിറകുകള്‍ .. ഇപ്പോള്‍ തളരുന്നെന്നോ.. തോന്നലാകും. ഞാനവളെ ആശ്വസിപ്പിച്ചു.

പക്ഷെ പിന്നെയും കാതങ്ങള്‍ പറന്നപ്പോള്‍ എനിക്കും ചിറകുകള്‍ തളരുന്നതായി മനസ്സിലായി.. കാണുന്ന കാഴ്ചകളില്‍ , ശ്വസിക്കുന്ന വായുവില്‍ എല്ലാം വിഷം നിറയുന്ന പോലെ.. മുത്തച്ഛന്‍ പറഞ്ഞ കഥകളില്‍ ഇവിടെയെവിടെയോ ഒരു കടലുണ്ട്. ചിറകുകള്‍ കുഴഞ്ഞവള്‍ തളര്‍ന്നപ്പോള്‍ ഞാനാശ്വസിപ്പിച്ചു. കടലിന്റെ അപാരത ഞങ്ങള്‍ക്ക്  ഊര്‍ജ്ജമാകുമെന്നും പരിചിത സാഹചര്യങ്ങള്‍ ഞങ്ങളുടെ ചിറകുകള്‍ക്ക് കരുത്തേകുമെന്നും  ഞാന്‍ പ്രത്യാശിച്ചു.  അവള്‍ തീര്‍ത്തും തളര്‍ന്നെന്ന് ബോധ്യമായപ്പോഴാണ് പറന്നിറങ്ങിയത്.

ചുറ്റും മണലാരണ്യം .. എവിടെപ്പോയി കടല്‍ ?

"ഇത് തന്നെയാണ് കടല്‍ . മാഞ്ഞു പോയൊരു കടല്‍ !! "

അവള്‍ പതിയെ മൊഴിഞ്ഞു.
ഞാന്‍ അത്ഭുതത്തില്‍ അവളെ നോക്കി

" നിനക്ക് ചുറ്റുമുള്ള ചെറിയ കാഴ്ചകളെ കാണാതെ എങ്ങോട്ടാണ് നിന്റെ ദൃഷ്ടികളെ നീ തിരിച്ചു വെക്കുന്നത്? "
പതിവില്ലാത്ത വിധം ഗൌരവത്തിലാണ് അവള്‍ ചോദിച്ചത്.
മണല്‍ തിട്ടകളില്‍ ഉറച്ചു പോയ കപ്പലുകള്‍ .. കാല്‍ക്കീഴില്‍ കടല്‍ജീവികളുടെ പുറംതോട്.. ചിറകടിയില്‍ ഉയര്‍ന്നു വരുന്ന മണലിന്റെ ഉപ്പുരസം. എന്റെ കാഴ്ചകളെ ചുറ്റുവട്ടങ്ങളിലേക്ക് തിരിച്ചപ്പോഴാണ് ഇതെല്ലാം  എനിക്ക് ശ്രദ്ധിക്കാനായത്.

" കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍ .  വറ്റിപ്പോയാല്‍  അതും വെറുമൊരു മരുഭൂമി."  വിദൂരതയിലേക്ക് ഉറ്റു നോക്കി അവള്‍  പറഞ്ഞു

" നീ ചോദിക്കാറില്ലേ .. പരിഹസിക്കാറില്ലേ .. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ കഴിയാത്തവള്‍ എന്ന്. ദീര്‍ദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ്  ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി  ചെയ്യുന്ന ത്യാഗം. അത് ഇല്ലാതായാല്‍  ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെ പോലെയാകും നിങ്ങള്‍ "

അവളുടെ സ്വരത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നിരിക്കുന്നു.

"നിന്റെ തളര്‍ച്ച കഴിഞ്ഞെങ്കില്‍ നമുക്ക് പറക്കാം. വഴിയേറെ പിന്നിടാനുണ്ട് ഇനിയും"
ഞാന്‍ അക്ഷമനായി

"എങ്ങോട്ട്? ഇനി നമുക്ക് പറക്കാന്‍ ആകാശമില്ല . അത് നീ നഷ്ടപ്പെടുത്തിയില്ലേ? ഇവിടെയാണ്‌ നമ്മുടെ ഒടുക്കം എന്ന് പോലും നിനക്കിത് വരെ മനസ്സിലായില്ലേ?" അവളുടെ കണ്ണുകളില്‍ വാല്‍സല്യം. 


ഞാന്‍ ചിറകാഞ്ഞടിച്ചു നോക്കി. കഴിയുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ഒരു ചുടു കാറ്റ് പൊതിയുന്നത് ഞാനറിഞ്ഞു. എരിയുന്ന മിഴികളില്‍ നീര്‍ നിറഞ്ഞു. നിസ്സഹായനാകുന്ന  എന്റെ അരികിലെക്കവള്‍ ചേര്‍ന്ന് നിന്നു ചോദിച്ചു .
 

"സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍  നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?
 

ആശ്വസിപ്പിക്കുന്ന പോലെ ചിറകിനടിയിലേക്ക് അവളെന്നെ ചേര്‍ത്ത് പിടിച്ചു.

നിരാശയുടെയും  ഭയത്തിന്റെയും ചൂടില്‍ എന്റെ മിഴികള്‍ ഉരുകുമ്പോള്‍ നിസ്സംഗതയുടെ  ശാന്തതയായിരുന്നു അവളുടെ മിഴികളില്‍


"എല്ലാമറിഞ്ഞിട്ടും നിന്റെ വഴികളെ പിന്തുടരാതിരിക്കാനെനിക്കാവില്ലായിരുന്നു. നീയെന്ന സാഹസികനാണ് എന്റെ നായകന്‍ .
നിനക്കായ്‌ ഞാന്‍ സ്വയം സമര്‍പ്പിച്ചതാണ് . ഒരു പെണ്ണിന് മാത്രം കഴിയുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ അത്? "

അവസാന വാചകം കൂടുതല്‍ ഊന്നിയാണ് അവള്‍ പറഞ്ഞത്.

"സ്നേഹം വറ്റിപ്പോയ കാലത്തിന്റെ പ്രതീകം പോലെയുള്ള ഈ 'കടല്‍ മരുഭൂമി'യിലാണ്  നമ്മുടെ ജീവിതത്തിന്റെ സക്ഷാല്‍ക്കാരം"

അവളെ ആദ്യമായി ഏറെ  ബഹുമാനത്തോടെ, ആദരവോടെ ഞാന്‍ നോക്കി. പിന്നെ പറഞ്ഞു.

"നമ്മള്‍ ചോദിച്ചു വാങ്ങിയ അവസാനം നമ്മുടെ കൂട്ടുകാര്‍ക്ക് അവരറിയാതെ തന്നെ വന്നു ചേരും. നമ്മുടെ ലോകം നമുക്ക് നഷ്ടമാകും.
നമ്മളെ പോറ്റി വളര്‍ത്തിയ തീരത്ത് തന്നെ ചിറകുകള്‍ തളര്‍ന്നു അവരും കൊഴിഞ്ഞു വീഴും.  വഴി മാറി പറന്നത് നമ്മെ നിലനിര്‍ത്തുന്ന ഒരു വിപ്ലവം പ്രതീക്ഷിച്ചാണ്. തോറ്റു പോയി. എങ്കിലും എല്ലാറ്റിനും കാരണമായ വിചിത്ര ജീവികളോട് നമുക്ക് വിദ്വേഷമൊന്നുമില്ല അല്ലെ ??"

"നമുക്ക് എല്ലാവരെയും  സ്നേഹിക്കാനല്ലേ അറിയൂ.. അവര്‍ക്ക് അവരെപ്പോലും സ്നേഹിക്കാതിരിക്കാനും" അവളുടെ ശബ്ദം നേര്‍ത്ത് തുടങ്ങിയിരുന്നു.അപ്പോഴും അവളുടെ ചിറകിന്റെ സാന്ത്വനത്തില്‍ എന്നെ ചേര്‍ത്ത് പിടിക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്തും ഭൂമിയിലും പിന്നെ ഞങ്ങളുടെ മിഴികളിലും പരക്കുന്നത് തിരിച്ചറിഞ്ഞ്  ഇരവിന്റെ ഇരുളിനായ്‌ ഞങ്ങള്‍ കാത്തിരുന്നു........

തുടര്‍ച്ച 


ദേശാടനക്കിളി - ആര്‍ട്ടിക്ക്‌ ടേണ്‍ .

ലോകത്ത് ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളി. നൂറു ഗ്രാം മാത്രം ഭാരമുള്ള ഈ കൊച്ചു പക്ഷി ഓരോ വര്‍ഷവും പറക്കുന്നത് ഏതാണ്ട് 71,000 കിലോമീറ്ററാണ്!!. ആര്‍ട്ടിക്കിലെ ഗ്രീന്‍ലാന്‍ഡ്‌ മുതല്‍ അന്റാര്‍ട്ടിക്കിലെ വെഡേല്‍ സീ വരെയും തിരിച്ചുമുള്ള ഈ പറക്കലില്‍ ദിവസേന 300-400  കിലോമീറ്റര്‍ ഇവ പിന്നിടും. ഇവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ഏതാണ്ട് ഭൂമധ്യ രേഖ വരെ ഒന്നിച്ചു പറക്കുന്ന ഇവ പിന്നീട് രണ്ടു വഴികളിലേക്ക് പിരിയുകയും അന്റാര്‍ട്ടിക്കില്‍ വച്ച് വീണ്ടും ഒരുമിക്കുകയും ചെയ്യുന്നു എന്നാണ്. ആഗോള താപനം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്ന്.

മാന്ഗ്രൂ കാടുകള്‍ - വിയറ്റ്‌നാമിലെ പ്രശസ്തമായ Mangrove Forest 


അമേരിക്ക - വിയറ്റ്‌നാം യുദ്ധകാലത്ത് എജെന്റ്റ്‌ ഓറഞ്ച് എന്ന മാരകമായ രാസായുധം തളിക്കപ്പെട്ട കാടുകള്‍ . ഗറില്ല യുദ്ധമുറയിലൂടെ അമേരിക്ക വിയറ്റ്നാമിനോട് തോല്‍വി ഏറ്റുവാങ്ങാന്‍ തുടങ്ങിയപ്പോഴാണ്  വിയറ്റ്‌നാം  പോരാളികള്‍ ഒളിച്ചിരുന്ന ഈ കാടുകള്‍ നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. മാരകമായ വിഷമായ  എജെന്റ്റ്‌ ഓറഞ്ച് അടക്കം ഒരുപാട് രാസായുധങ്ങളാണ്  ഏതാണ്ട്‌ മുപ്പതു ലക്ഷം ഹെക്റ്റര്‍ വനഭൂമിയില്‍ തളിച്ചത്. ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ആഘാതങ്ങളില്‍ ഒന്നാണ് ഇത്. ആ വിഷത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ ഇന്നും ആ പ്രദേശത്തെ സസ്യ- ജീവി വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.


മാഞ്ഞു പോയ കടല്‍ - ആറല്‍ കടല്‍ (Aral Sea)


പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന , ഇപ്പോള്‍ ഖസാക്കിസ്ഥാന്റെയും  ഉസ്ബെക്കിസ്ഥാന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടല്‍ .  1960കള്‍ക്ക്  മുന്‍പ്  ഏതാണ്ട് 68,000  സ്ക്വയര്‍ കിലോമീറ്റര്‍ ഏരിയയില്‍ (കേരളത്തിന്റെ മൊത്തം ഏരിയയുടെ ഇരട്ടിയോളം വരുമിത് ) പരന്നു കിടന്നിരുന്ന ഈ ജലാശയത്തില്‍ ഇന്നവശേഷിക്കുന്നത്  3000 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം. ലോകം കണ്ട ഏറ്റവും വലിയ ജലനഷ്ടത്തിന്റെ കഥയാണ് ആറല്‍ കടല്‍ . സോവിയറ്റ് യൂണിയന്‍ ആരംഭിച്ച രണ്ടു അണക്കെട്ടുകളാണ്  ഈ കടലിന്റെ അന്ത്യം കുറിച്ചത്. ഒരു Ecosystem  തന്നെയാണ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്




Saturday 30 March 2013

തളിരില വര്‍ണ്ണങ്ങള്‍ ...

തീര്‍ത്തും തെളിഞ്ഞ പ്രഭാതമാണ് അന്ന്. തെരുവില്‍ ആളുകള്‍ വന്നു തുടങ്ങുന്നേ ഉള്ളൂ.. അത്രയും നേരത്തെ തന്നെ റസ്റ്റോറന്റില്‍ പോകുന്ന പതിവില്ല ഹിസോകക്ക്.. പക്ഷെ അന്നത്തെ ദിനം വ്യത്യസ്തമാണ്.. അയാള്‍ ഒരേ സമയം ആഹ്ലാദവാനും അസ്വസ്ഥനുമാണ്. അതാണയാള്‍ മുന്‍പില്‍ രണ്ടു കപ്പുകളിലായി പകര്‍ന്ന ഇളം പച്ച നിറത്തിലുള്ള ചായയിലേക്കും  രണ്ടാമത്തെ കപ്പിന്റെ ഉടമസ്ഥയുടെ മിഴികളിലേക്കും മാറി മാറി നോക്കിക്കൊണ്ടിരിക്കുന്നത്

"ഇന്നും പ്രഭാതം ശാന്തമാണല്ലെ കിയോമി? "

അല്‍പ്പം ഔപചാരികതയോടെയാണ് അയാള്‍ സംസാരം തുടങ്ങിയത് .. അതവള്‍ക്ക്

Monday 3 December 2012

നവ്റാസ്.. നിനക്കായ്‌ ...

ഉച്ച ഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് പതിവില്ലാതെ രണ്ടു സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. ഈ ഫ്ലോര്‍ മുഴുവന്‍  ബാങ്കിന്റെ തന്നെ വിവിധ ഓഫീസുകള്‍ ആയതിനാല്‍ എവിടെ നിന്നെന്നറിയാന്‍ ആകാംക്ഷയോടെയാണ്  വാതിലിനു നേരെ ഓടിയത്. എല്ലാ ഓഫീസുകളുടെയും വാതില്‍ക്കല്‍ ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്

ടെലി കാളിംഗ് സെക്ഷനില്‍ നിന്നാണ്. ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു കൊണ്ട് 

Sunday 2 December 2012

ബാണാസുരസാഗറിലേക്കൊരു ഗുഡ്സ് യാത്ര...

ബ്ലോഗെഴുത്ത് നല്കിയതാണീ സൗഹൃദങ്ങള്‍ . പരസ്പരം കണ്ടിട്ടില്ലെങ്കിലും മനസ്സില്‍ ഒരുപാട് വളര്‍ന്നു ഈ ബന്ധങ്ങള്‍ . പലപ്പോഴായി പ്ലാന്‍ ചെയ്തതാണ് ഒന്നിച്ചൊരു യാത്ര. സഫലമായത് ഇന്നാണെന്ന് മാത്രം. മന്‍സൂര്‍ക്ക കോഴിക്കോട്‌ കാത്തു നില്‍ക്കുന്നുണ്ട്. എല്ലാവരും സമയത്തെത്തും എന്ന പ്രതീക്ഷയില്‍ .....

യാത്ര തുടങ്ങുന്നു 

കൃത്യം ഒമ്പത് മുപ്പതിന് തന്നെ കോഴിക്കോട്‌ നാഷണല്‍ ബുക്ക്‌സ്റ്റാളിനു മുന്‍പിലെത്തി.  മന്‍സൂര്‍ ചെറുവാടി നേരത്തെ തന്നെ സ്ഥലത്തെത്തി നില്‍പ്പുണ്ട്.  മന്‍സൂര്‍ക്കയെ ആദ്യമായാണ് കാണുന്നതെങ്കിലും മനസ്സില്‍ സങ്കല്‍പ്പിച്ച അതേ രൂപം. സിയാഫ്ക്കാനെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ട കാര്‍ വരാത്ത ടെന്‍ഷനിലാണ് പുള്ളി. അല്‍പ നിമിഷത്തിനുള്ളില്‍ റഷീദ്‌ പുന്നശ്ശേരിയും ഷബീര്‍ തിരിച്ചിലാനും ഷാജി ഷായും എത്തി. ചെമ്മാട് എത്തിയപ്പോഴാണ് ഒന്നമ്പരന്നത്. പ്രൊഫൈല്‍ ഫോട്ടോയില്‍ കഷണ്ടി കാട്ടി ഇരിക്കുന്ന രൂപമെവിടെ. ഈ സുസ്മിത  സുന്ദരന്‍ എവിടെ !! ഹക്കീം  നിശബ്ദനായി വന്നു കൂട്ടത്തില്‍ ചേര്‍ന്നു.

Thursday 11 October 2012

ചിതറിപ്പോകുന്ന ജീവിതങ്ങള്‍ ..

പ്രിയപ്പെട്ടവരുടെ മരണങ്ങള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്  . മനസ്സില്‍ അവര്‍ മിഴിവോടെ ജീവിക്കുന്നതിനാല്‍ ആ മരണം അംഗീകരിക്കാന്‍ മനസ്സ് പിന്നെയും മടിക്കും  . കൂടെ പാടിയും, കഥ പറഞ്ഞും നടന്ന പ്രിയ സ്നേഹിതന്‍ പെട്ടെന്നൊരു ദിവസം വിട പറയുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഒരു ജന്മം മുഴുവന്‍ കൊണ്ടും സാധിക്കില്ല. ആത്മസുഹൃത്ത്‌  റഹ്മത്തലിയുടെ വേര്‍പ്പാട് അതിനാല്‍ തന്നെ മനസ്സിനിയും ഉള്‍ക്കൊണ്ടു കഴിഞ്ഞിട്ടില്ല . കലാലയത്തിന്റെ ആര്‍ദ്ര ഗായകനായിരുന്ന , ഹിന്ദി ഗാനങ്ങള്‍ ഏറെ മധുരമായി ആലപിച്ചിരുന്ന അവന്റെ ഈണങ്ങള്‍ ഇപ്പോഴും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടാകാം.. ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിവാഹ ജീവിതം ആരംഭിച്ച ആദ്യ ആഴ്ച്ചയില്‍ തന്നെ വിധി ഒരു വാഹനാപകടത്തിന്റെ  രൂപത്തില്‍ അവനെ തട്ടിയെടുക്കുമ്പോള്‍ തകര്‍ന്നത്‌ ഞാനടക്കം അവനെ ഏറെ സ്നേഹിച്ച ഒരുപാട് പേരുടെ ഹൃദയം കൂടെ ആണല്ലോ 

അധികം  വേഗതയില്‍ ഒന്നുമല്ലാതെ ശ്രദ്ധിച്ചു ബൈക്ക് ഓടിച്ചിരുന്നഅവനു എങ്ങനെ ഈ ദുരന്തം വന്നു എന്ന് ചിന്തിച്ചു. അന്വോഷണത്തില്‍ അറിവായത് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന ഒരു ബസ്‌ ഇടിച്ചതാണ്. ബൈക്ക് ഏറെ അരികിലേക്ക് ചേര്‍ത്ത് മാറ്റിയിട്ടും ബസ്‌ വന്നിടിച്ചു. ഏതൊരാളും നിസ്സഹായനാകുന്ന അവസ്ഥ. ഇതാദ്യത്തെ സംഭവമല്ലല്ലോ കേരളത്തില്‍ . ഏറെ ആക്സിഡന്റുകള്‍ ഈ രീതിയില്‍ നടക്കുന്നു. ബൈക്കും ബസ്സും ഉള്‍പ്പെടുന്ന അപകടങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു . വെറുതെ ഒന്നറിയാനാണ് കണക്കുകള്‍ എടുത്തു നോക്കിയത്

Source-Kerala Police Accident record

കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നത്‌ ഈ രണ്ട് വാഹനങ്ങളും ഉണ്ടാക്കുന്ന അപകടങ്ങള്‍

Saturday 22 September 2012

അറിയുമോ നിങ്ങള്‍ , ആ ആദ്യ വനിതയെ ?


അറിയുമോ നിങ്ങളവരെ ..? ആദ്യ വനിത എന്ന പേരില്‍ (കു)പ്രശസ്തയായ ഇയങ്ങ് തിരിത്‌ (Ieng Thirith)  എന്ന കംബോഡിയക്കാരിയെ ..
അടുത്തിടെ അന്താരാഷ്ട്ര കോടതി ഒരു  കേസില്‍  അവരെ വെറുതെ വിട്ടിരുന്നു.. പ്രായാധിക്യം കാരണം .. എന്നാല്‍ കുറ്റം ചാര്‍ത്തപ്പെട്ട ഒന്നില്‍ നിന്നും വിടുതല്‍ നല്‍കാതെ വെറും വെറുതെ സ്വതന്ത്രയാക്കി ..

അവര്‍ സ്വതന്ത്രയാകുമ്പോള്‍ ഒരിക്കല്‍ കൂടെ ലോകത്ത് നില നില്‍ക്കുന്ന നീതി വ്യവസ്ഥയുടെ അപര്യാപ്തത ചോദ്യം ചെയ്യപ്പെടുകയാണ്  . 

ഒന്നും രണ്ടു പേരല്ല .. ഏതാണ്ട് ഇരുപതു ലക്ഷം ആത്മാവുകളാണ് നീതി നിഷേധത്തിനിരകളാകുന്നത് . തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടു എന്നത് പോലും അറിയാതെ പോയ, ദാരുണമായി ലോകത്തു നിന്ന് തുടച്ചു നീക്കപ്പെട്ട, ഒരു രാഷ്ട്രത്തിന്റെ നാലിലൊന്നോളം വരുന്ന ജനങ്ങള്‍ .

വംശഹത്യ എന്നോ വര്‍ഗ്ഗീയഹത്യ എന്നോ ഒന്നും പേരിട്ടു വിളിക്കാനാകാത്ത വിചിത്രമായ കാരണങ്ങള്‍ക്ക് ഭൂമിയില്‍ നിന്നും പറിച്ചെറിയപ്പെട്ടവര്‍ ..



ഒരു രാത്രിയിലാണ് അവര്‍ പലരും സ്വന്തം വീടുകളില്‍ നിന്നും പുറത്തേക്കു വിളിക്കപ്പെട്ടത്‌... ആകാശത്ത് കഴുകനെ പോലെ അമേരിക്കന്‍ വിമാനങ്ങള്‍

Tuesday 11 September 2012

ആംസ്ട്രോങ് .. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നിരുന്നു...


ജനലിലൂടെ എന്നും കാണുന്നത് ഒരേ കാഴ്ചകളാണ്.. എങ്കിലും ജനലിനരികില്‍ നിന്ന് മാറിയിരിക്കാറില്ല.. 
കുറച്ചു ദിവസങ്ങളായി ഇടവേള തന്നിരുന്ന വേദന വീണ്ടും അതിന്റെ പൊള്ളുന്ന വിദ്യുത്സ്പര്‍ശം ശരീരത്തിലൂടെ പ്രവഹിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു ..

ഹൃദയം പക്ഷെ പിടയുന്നത് നിന്നെയോര്‍ത്താണ് ആംസ്ട്രോങ്ങ്..


എന്നും ഞാനങ്ങനെയായിരുന്നല്ലോ.. എനിക്ക് പ്രിയപ്പെട്ടവ എന്ന് പറയാന്‍ വളരെ കുറവ് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ അവയെയെല്ലാം ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്നു..

ഏകാന്തതയില്‍ എന്റെ കൂടെ സഞ്ചരിക്കാറുള്ള മെഹ്ദി ഹസ്സന്റെ ഗസലുകള്‍ പോലെ. 
വായിച്ചും വായിച്ചും മതി  വരാത്ത ഗബ്രിയേല്‍ മാര്‍ക്കെസിന്റെ പുസ്തകങ്ങള്‍ പോലെ.. വേദനയുടെ വേനല്‍ ചൂടില്‍ ഇടക്കെപ്പോഴോക്കെയോ പൊഴിയുന്ന നിലാ മഴ പോലെ.
വിട പറഞ്ഞകന്ന പ്രണയത്തിന്റെ വിരലിന്‍ തുമ്പിലെ അവസാന സ്പര്‍ശം പോലെ...

പ്രിയമുള്ള എന്റെ ഇത്തിരി സ്വത്തുകള്‍ .. നെഞ്ചോടടുക്കി പിടിച്ചു എന്റെ നിരാശകളെ ഞാന്‍ പ്രതിരോധിക്കാറുള്ള എന്റെ മാത്രം ഭ്രാന്തുകള്‍ ..

നീ  പക്ഷെ അതിനെല്ലാം മുകളിലായിരുന്നു എനിക്ക് ..

Related Posts Plugin for WordPress, Blogger...